ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 

പഴയ തെക്കുംകൂറിനേയും വടക്കുംകൂറിനേയും വേര്‍തിരിച്ചിരുന്ന നെടുങ്കോട്ട ഈ പഞ്ചായത്തിലെ മിക്കവാറും എല്ലാ വാര്‍ഡുകളിലൂടെയും കടന്നു പോകുന്നു. ഇവിടുത്തെ അതിപുരാതനമായ രാമമംഗലം പെരുംതൃക്കോവില്‍ ക്ഷേത്രത്തിന്റെ പഴക്കം ചേരമാന്‍ പെരുമാളിന്‍ ഭരണകാലത്തോളം എത്തി നില്‍ക്കുന്നു. ഇസ്ളാംമതം സ്വീകരിച്ച് മക്കയിലേക്ക് പോയ ചേരമാന്‍ പെരുമാളാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് ചരിത്രം പറയുന്നു. ബാലനരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രപ്രദേശത്ത് സംഗീതവും ക്ഷേത്രകലകളും ഒരുകാലത്ത് സര്‍വ്വവിധ പ്രതാപങ്ങളോടും കൂടി അരങ്ങേറിയിരുന്നു. തമിഴകത്തും തെലുങ്കദേശത്തും ഒരുപോലെ പുകള്‍പ്പെറ്റ സംഗീത സാര്‍വ്വഭൌമന്‍ ഷട്കാല ഗോവിന്ദമാരാരുടെ ജന്മം കൊണ്ട് പവിത്രമായ നാടാണ് രാമമംഗലം. സംഗീതത്തിലെ അപൂര്‍വ്വ സിദ്ധിയായ ആറുകാലങ്ങളില്‍ പാടാനുള്ള കഴിവ് സ്വായത്തമാക്കിയ ആ യോഗീവര്യന്‍ തന്റെ കൊടി കെട്ടിയ ഏഴ് തന്ത്രികളുള്ള വിഖ്യാതമായ തംബുരുവുമായി ദേശാടനത്തിന് ഇറങ്ങിത്തിരിച്ചത് ഇവിടെ നിന്നാണ്. സ്വാതിതിരുനാളിന്റെ സദസ്യനായിരുന്നു അദ്ദേഹം. പിന്നീട് തിരുവയ്യാറില്‍ ത്യാഗരാജ സവിധത്തിലെത്തിച്ചേര്‍ന്ന അദ്ദേഹം തന്റെ ആലാപന പാടവം കൊണ്ട് ത്യാഗരാജസ്വാമികളെപ്പോലും അതിശയിപ്പിച്ചതായും ഗോവിന്ദമാരാരുടെ ഗാനധാരയില്‍ സ്വയം മറന്ന് ത്യാഗരാജസ്വാമികള്‍ എന്തരോമഹാനുഭാവലു എന്ന ശ്രീരാഗത്തിലുള്ള കീര്‍ത്തനം ആലപിക്കുകയും ചെയ്തുവെന്ന് ദക്ഷിണേന്ത്യന്‍ സംഗീത ചരിത്രം പറയുന്നു. ക്ഷേത്രകലകളുടെ കേളീരംഗമായ രാമമംഗലത്ത് ജീവിച്ചിരുന്ന പ്രസിദ്ധ മേള വിദഗ്ധരായിരുന്ന പഞ്ചഗോവിന്ദന്മാര്‍ കൊട്ടിക്കയറിയത് പ്രശസ്തിയുടെ ഔന്നത്യങ്ങളിലേക്കാണ്. അനുഗ്രഹീതരായ സോപാന സംഗീതജഞര്‍ ഇവിടെ ജീവിച്ചിരുന്നു. ക്നാനായ യാക്കോബായ സുറിയാനി സമുദായത്തിന്റെ വടക്കന്‍ തിരുവിതാംകൂറിലെ 150 വര്‍ഷത്തിലധികം പഴക്കമുള്ള ഒരു പള്ളിയാണ് രാമമംഗലം സെന്റ് ജേക്കബ്സ് ക്നാനായ പള്ളി. കുന്നും മലകളും നിറഞ്ഞ ഊരമന പ്രദേശത്തെ പുരാതന ദേവാലയങ്ങളാണ് ഊരമന ക്ഷേത്രം, എ.ഡി.135-ല്‍ സ്ഥാപിതമായ കുഴിമാടം പള്ളി, ഗലീലാക്കുന്ന് പള്ളി, സാല്‍വേഷന്‍ ആര്‍മി പള്ളി, താബോര്‍ പള്ളി എന്നിവ. ഊരമന ശിവവലിയിലുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും വള്ളൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും ക്ഷേത്രങ്ങളുടെ പട്ടികയില്‍ പഴക്കം ചെന്നവയാണ്. ഭൂതത്താന്മാരാല്‍ പണി കഴിപ്പിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്ന ഊരമന മഹാവിഷ്ണു, ശാസ്താ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ കാലഘട്ടവും ഒരു കാലത്ത് ഊരമനയില്‍ നിലനിന്നിരുന്നതും പിന്നീട് ക്ഷയിച്ചുപോയവരുയുമായ 72 നമ്പൂതിരി ഇല്ലങ്ങളുടെ ചരിത്രവും പരസ്പരം ഇഴചേര്‍ന്നു നില്‍ക്കുന്നു. ഈ ക്ഷേത്രസമുച്ചയത്തില്‍ കാണുന്ന ചുവര്‍ ചിത്രങ്ങള്‍ പുരാണങ്ങളിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്നു. ഇപ്പോള്‍ ഈ ക്ഷേത്രസമുച്ചയം പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്. ഊരമന കൊടികുത്തി മലയിലുള്ള പ്രാചീന ഗുഹാസങ്കേതം ജനശ്രദ്ധയാകര്‍ഷിച്ചു വരുന്നു. നമ്പൂതിരി സമൂദായത്തിലെ ഘോഷാ(മറക്കുട) സമ്പ്രദായത്തിനും ബഹുഭാര്യാത്വത്തിനും എതിരെ സമരം ചെയ്ത സ്ത്രീരത്നങ്ങളായ നീലിമംഗലം, പാര്‍വ്വതി കൊട്ടാരം, മലയാള മനോരമ പത്രത്തിന്റെ ആദ്യകാല പത്രാധിപ സമിതി അംഗവും പ്രസിദ്ധ സാഹിത്യകാരനുമായിരുന്ന വിദ്വാന്‍.ആര്‍.വാസുദേവന്‍ കര്‍ത്ത എന്നിവര്‍ രാമമംഗലത്തിന്റെ പൂര്‍വ്വസ്വത്താണ്. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ രാമമംഗലത്തും എത്തിയപ്പോള്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഏതാനും നേതാക്കന്മാര്‍ ഇവിടെ ഉണ്ടായിരുന്നു.പി.പി.രാമന്‍ നമ്പൂതിരി, പി.പി.നാരായണന്‍ നമ്പൂതിരി, കോടിയാട്ട് വര്‍ഗ്ഗീസ്, കെ.കെ.മത്തായി, എം.പി.രാമന്‍ നമ്പൂതിരി, വി.പി.ചാക്കോ, കണ്ടക്കോട്ട് യോഹന്നാന്‍, തുരുത്തേല്‍ പൈലി തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരായിരുന്നു. ഭൂപരിഷ്ക്കരണ നിയമം നടപ്പിലായതോടെ രാമമംഗലത്തും ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടായി. വളരെയധികം കുടിയാന്മാര്‍ ഭൂവുടമകളായി. യശഃശരീരനായ സര്‍വ്വോദയ നേതാവ് പ്രൊഫ.എം.പി.മന്മഥന്റെ നേത്യത്വത്തില്‍ ഊരമനയില്‍ നടന്ന മദ്യനിരോധന സമരം ഇന്നാട്ടിലെ ആബാലവ്യദ്ധം ജനങ്ങള്‍ പങ്കെടുത്ത ഒരു ബഹുജനമുന്നേറ്റമായിരുന്നു.വിവിധ സമുദായങ്ങള്‍ പരസ്പര മൈത്രീബന്ധം പുലര്‍ത്തിപ്പോരുന്ന ഈ നാടാണ് രാമമംഗലം. ഉന്നതമായ സാംസ്ക്കാരിക പാരമ്പര്യത്താല്‍ അനുഗ്രഹീതമാണ് രാമമംഗലം പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്രദേശം. ഹിന്ദു-ക്രിസ്ത്യന്‍ മത സൌഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയായി പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ പരസ്പര സൌഹാര്‍ദ്ദം മാതൃകാപരമാണ്.